കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനത്തിനായി പ്രമാണിവർഗ്ഗത്തിന്റെ ക്രൂരമായ മർദ്ദനങ്ങളേറ്റുവാങ്ങി അകാലത്തിൽ പൊലിഞ്ഞു പോയ സമാജത്തിന്റെ സ്ഥാപക നേതാവാണ് പി.എം.ഉണ്ണികൃഷ്ണൻ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള ഇരിങ്ങത്ത് പാലാടത്തുമീത്തൽ വെളളന്റെയും കുപ്പച്ചിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ് പി.എം.ഉണ്ണികൃഷ്ണൻ. ജനനം കൃത്യമായി എവിടെയും രേഖപ്പെടുത്തിക്കാണുന്നില്ല. 1952 മാർച്ച് 28ന് വെള്ളിയാഴ്ച മരണപ്പെട്ട വിവരം പിറ്റേ ദിവസത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത പ്രകാരം മരിക്കുമ്പോൾ മുപ്പത്തിയഞ്ച് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
1932 ൽ കണ്ണൂർ താവക്കര ഗവ:യു പി സ്കൂളിൽ വെച്ച് രൂപീകരിച്ച അഖില മലബാർ ഹരിജൻ സമാജത്തിന്റെ സ്ഥാപക നേതാവായിരുന്നുപി.എം.
മലബാറിലെ പട്ടികജാതി – വർഗ്ഗക്കാരുടെ ആദ്യത്തെ സ്വന്തം പ്രസ്ഥാനമായ അഖില മലബാർ ഹരിജൻ സമാജമാണ് പിന്നീട് മലബാർ റീജണൽ ഹരിജൻ സമാജമായത്.
1929 ൽ ഇരിങ്ങത്തിനടുത്തുള്ള പാക്കനാർപുരത്ത് ദളിത് വിദ്യാർഥികൾക്കായി കേളപ്പജി സ്ഥാപിച്ചത്. പാക്കനാർപുരം ആശ്രമത്തിൽ താമസിച്ച് പഠിച്ച ഉണ്ണികൃഷ്ണൻ ഇരിങ്ങത്ത് സർക്കാർ യു.പി സ്കൂളിൽ നിന്ന് ജയിച്ച ശേഷം പത്താം തരം വരെ എവിടെയാണ് പഠിച്ചതെന്ന് കൃത്യമായ വിവരം ലഭ്യമല്ല. എസ്.എസ്.എൽ.സി. പരീക്ഷ പാസായ അദ്ദേഹത്തെ കേളപ്പജി പട്ടാമ്പി സംസ്കൃത കോളേജിൽ ചേർക്കുകയും പിന്നീട് സംസ്കൃത പണ്ഡിതൻ പി.എം.ഉണ്ണികൃഷ്ണൻ എന്നറിയപ്പെടുകയും ചെയ്തു. പഠനശേഷം കണ്ണൂരിലെ ആറോൺ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങുകയും ജോലി ഉപേക്ഷിക്കുകയും ചെയ്തു. മലബാറിൽ മുഴുവൻ സമാജത്തിന്റെ പ്രവർത്തനങ്ങളുമായി നടക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായി വളരെ പ്രയാസം നേരിട്ടിട്ടുണ്ട്. നല്ല വസ്ത്രം ധരിക്കാനോ യാത്രക്കൂലിക്കോ പണമില്ലാതെ കീറിപ്പറിഞ്ഞ ഒറ്റമുണ്ടുടുത്ത് മലപ്പുറത്ത് നിന്ന് നടന്ന് വീട്ടിലെത്തിയ ചെറിയച്ചനെക്കുറിച്ച് ജ്യേഷ്ഠന്റെ മകൾ ലക്ഷ്മി ഓർക്കുന്നതായി ചെറായി രാമദാസ് സാർ തന്റെ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
തന്റെ പ്രവർത്തന കാലഘട്ടത്തിൽ സവർണ്ണ മാടമ്പിമാരുടെ ക്രൂരമായ മർദ്ദനത്തിന് നിരവധി തവണ വിധേയനായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് മൂഴിക്കൽ മർദ്ദനമാണ്. 1946 ഏപ്രിൽ 14 ന് വിഷു ദിനത്തിൽ കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്നിനടുത്തുള്ള മൂഴിക്കൽ മാപ്പിള യു.പി സ്കൂളിൽ വെച്ച് രാത്രി നടന്ന യോഗത്തിൽ സവർണ്ണ മാടമ്പിമാർ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ഹരിജനങ്ങൾ പങ്കെടുത്ത യോഗത്തിലേക്ക് കയറിവന്ന ജാതിക്കോമരങ്ങൾ പെട്രോമാക്സ് അടിച്ചു തകർത്ത് യോഗത്തിൽ പങ്കെടുത്തവരെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ് നിലത്തുവീണ ഉണ്ണികൃഷ്ണന്റെ നെഞ്ചിൽ ചവിട്ടുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. രക്തം ഛർദ്ദിച്ച് അവശനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മർദ്ദനത്തിനു ശേഷം ക്ഷയരോഗം ബാധിച്ച അദ്ദേഹത്തെ കേളപ്പജി പെരുന്തുറ സാനിറ്റോറിയത്തിൽ ചികിൽസക്കയച്ചു. തിരിച്ചെത്തിയ അദ്ദേഹം കർമ്മരംഗത്ത് വീണ്ടും സജീവമായി. വിശമമില്ലാത്ത പ്രവർത്തനത്തിനിടെ രോഗം മൂർച്ഛിക്കുകയും സമാജം നേതാവായിരുന്ന കെ. എം രാമേട്ടന്റെ വീട്ടിൽ വെച്ച് 1952 മാർച്ച് 28 ന് വെള്ളിയാഴ്ച മരണപ്പെടുകയും ചെയ്തു. കേളപ്പജിയുടെ വളർത്തുപുത്രനും അരുമശിഷ്യനുമായ ഉണ്ണികൃഷ്ണന്റെ ചിതയ്ക്ക് തീ കൊളുത്തിയതും കേളപ്പജി തന്നെയായിരുന്നു.
1932 ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രശസ്തമായ ഫോട്ടോയിൽ മൂന്നുപേരെ നമുക്ക് കാണാം. നിരാഹാരം കിടക്കുന്ന കേളപ്പജി . തൊട്ടടുത്ത് എ.കെ.ജി. അതിനടുത്ത് പി.എം.ഉണ്ണികൃഷ്ണൻ. പക്ഷെ ചരിത്രത്തിലെവിടെയും സംസ്കൃത പണ്ഡിതനും ഉജ്ജ്വല വാഗ്മിയും സമാജം സ്ഥാപകനേതാവും അടിസ്ഥാന ജനവിഭാഗത്തിന്റെ രക്ഷകനും സവർണ്ണ മാടമ്പിമാരുടെ പേടിസ്വപ്നവുമായിരുന്ന പി.എം ഉണ്ണികൃഷ്ണന്റെ പേര് കാണാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം