“ഹരിജനങ്ങളുടെ അപ്പീലില്ലാ കോടതി” എന്ന് കേരളത്തിലെ വാർത്താ മാധ്യമങ്ങൾ വിശേഷിപ്പിച്ച കെ.എം. രാമൻ എല്ലാവരുടെയും രാമേട്ടനായിരുന്നു. വിപ്ലവപ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമത്തിൽ കുഞ്ഞമ്പുവിന്റെയും വട്ടിച്ചിയുടെയും മകനായി 1912 നവംബർ 11 നാണ് കെ. എം.രാമൻ ജനിച്ചത്. സ്വാതന്ത്ര്യ സമരം കൊടുമ്പിരക്കൊള്ളുമ്പോൾ ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന രാമൻ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു. പിന്നീട് പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യസമര മുഖത്ത് സജീവമായി.
1926 ൽ തന്റെ 14-ാമത്തെ വയസിൽ അയിത്തത്തിന്റെ പേരിൽ വഴിമാറിക്കൊടുക്കാത്തതിന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നു. അയിത്തത്തിനെതിരെ പോരാടാനുള്ള തീരുമാനം അന്നെടുത്തതാണ്. അത് ജീവിതാന്ത്യംവരെ തുടരുകയും ചെയ്തു.
അസുഖം വന്ന് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സക്കെത്തിയ കെ.എം. ഹരിജനാണെന്ന് മനസിലാക്കിയ ജാതിഭ്രാന്തനായ ഗവൺമെന്റ് ഡോക്ടർ പരിശോധിക്കുക പോലും ചെയ്യാതെ മരുന്നു ചീട്ടെഴുതി ദൂരേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. മകൾ സരസ്വതിയെ ഡോക്ടറാക്കിക്കൊണ്ടാണ് രാമേട്ടൻ പകരം വീട്ടിയത്. നേത്രരോഗ വിദഗ്ദ്ധയായ സരസ്വതിയായിരുന്നു ആ മകൾ .
കോഴിക്കോട് ജില്ലയിലെ കണ്ടോത്ത് പൊതു റോഡിൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഹരിജനങ്ങൾ പങ്കെടുത്ത ഘോഷയാത്രയിൽ ക്രൂരമായമർദ്ദനമേൽക്കേണ്ടി വന്നു രാമേട്ടന് . 1946 ഏപ്രിൽ 14 ന് സമാജം സ്ഥാപകനേതാവ് പി.എം ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ മൂഴിക്കൽ ഗവ: മാപ്പിള യു.പി സ്കൂളിൽ ചേർന്ന ഹരിജൻ സമാജം സമ്മേളനത്തിലെ സവർണ്ണ മാടമ്പിമാരുടെ ഗുണ്ടാ ആക്രമണത്തിലും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
കണ്ണൂരിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് താമസം മാറ്റിയ രാമേട്ടൻ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. പട്ടികജാതി- വർഗ്ഗക്കാരുടെ ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങളുമായി കുന്നും മലയും കയറിയിറങ്ങിയും മഴയും വെയിലും വകവെക്കാതെയും തന്റെ ജീവിതാന്ത്യം വരെ കർമ്മനിരതനായിരുന്നു.
1932 ൽ മലബാർ റീജണൽ ഹരിജൻ സമാജത്തിന്റെ രൂപീകരണം മുതൽ സമാജത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന രാമേട്ടൻ ഒട്ടനവധി സംഘടനകളുടെ നേതൃസ്ഥാനവും അലങ്കരിച്ചിരുന്നു. 1937 ൽ അഖില കേരള ചർച്ചാ സംഘത്തിലും 1959-ൽ അഖിലേന്ത്യാ ഹരിജൻ സേവക് സംഘത്തിന്റെ കേരളാ ശാഖയിലും പ്രവർത്തിച്ചു. അഖില കേരള ഹരിജൻ സമാജം ജനറൽ സെക്രട്ടറി, കേരള ഹരിജൻ സമാജം സംസ്ഥാന പ്രസിഡണ്ട് , കേരള പട്ടികജാതി-പട്ടിക വർഗ്ഗ ഐക്യ ഫെഡറേഷൻ ഉപാധ്യക്ഷൻ, കോഴിക്കോട് ആകാശവാണി ഉപദേശക സമിതി അംഗം, ഗാന്ധി പീസ് ഫൗണ്ടേഷൻ ഭരണ സമിതി അംഗം, കേരള ഹരിജൻ സമാജം നടത്തിയിരുന്ന ഉണ്ണികൃഷ്ണൻ മെമ്മോറിയൽ ബാലികാസദനം (കോഴിക്കോട്)തക്കർ ബാപ്പ ബാലസദനം (കണ്ണൂർ )എന്നീ സ്ഥാപനങ്ങളുടെ ചെയർമാൻ തുടങ്ങി നിരവധി പദവികൾ ഏറ്റെടുത്ത് ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചിരുന്ന രാമേട്ടൻ 1993 ആഗസ്റ്റ് 10 ന് ഈ ലോകത്തോട് വിടപറഞ്ഞു.